*കടുത്ത നിറങ്ങൾ ഇനി പാടില്ല. ലൈറ്റുകൾ, ഡാൻസ് ഫ്ളോർ, എയർ ഹോൺ... ടൂറിസ്റ്റ് ബസിൻ്റെ നിയന്ത്രണങ്ങൾ ശക്തമാക്കും*

തിരുവനന്തപുരം: സംസ്ഥാനത്തോടുന്ന കോണ്‍ട്രാക്‌ട് ഗാരേജ് ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി ജൂണിൽ ഉത്തരവിറങ്ങിയിരുന്നു. വെളളയില്‍ വൈലറ്റും ഗോള്‍ഡന്‍ വരകളുമാണ് പുതിയ കോഡ്.  
ലൈറ്റുകൾ, ഡാൻസ് ഫ്ളോർ, മ്യൂസിക് സിസ്റ്റത്തിലെ സ്പീക്കറുകൾ, എയർ ഹോൺ, സ്പീഡ് ബ്രേക്കറിൽ മാറ്റം വരുത്തുക തുടങ്ങി ടൂറിസ്റ്റ് ബസിൻ്റെ നിയന്ത്രണങ്ങളും പിഴയും ശക്തമാക്കും

ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം മയം വരുത്തി. അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും നിറങ്ങളാവാമെന്ന ഉത്തരവിറങ്ങിയത്. നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വെള്ള പശ്ചാത്തലത്തില്‍ ചാരനിറത്തിലുള്ള വരകള്‍ക്കു പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയുമാണ് പുതുതായി അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം. മാത്രമല്ല മുന്‍വശത്ത് ടൂറിസ്റ്റ് എന്നതിന് പകരം ഓപ്പറേറ്ററുടെ പേരെഴുതാനും അനുവദിച്ചു. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കി.