അടൂര്‍: ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ് നടപ്പാക്കി.
ചടയ മംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്.ഭാര്യയുടെ പക്കലുണ്ടായിരുന്ന 17 ലക്ഷത്തോളം രൂപയുടെ ആഭരണം ഭര്‍ത്താവ് ചെലവാക്കിയെന്ന് കോടതി കണ്ടെത്തിയതിനേത്തുടര്‍ന്നാണിത്. യുവതിയുടെ 45 പവനോളം വരുന്ന സ്വര്‍ണത്തിന് 17 ലക്ഷം രൂപയാണ് വിലയായി കണക്കാക്കുന്നതെന്ന് ജീവനൊടുക്കിയ യുവതിയുടെ വീട്ടുകാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക എസ് സ്മിതാ രാജ് പറഞ്ഞു.
അടൂര്‍ പള്ളിക്കല്‍ ഇളംപള്ളിയില്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി എം പിള്ളയാണ് (24) സെപ്റ്റംബര്‍ 20ന് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന ലക്ഷ്മി ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് ലക്ഷമിയുടെ മരണ ദിവസമാണ് നാട്ടിലെത്തിയത്. വിളിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നു അപ്പോഴാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ഭര്‍ത്താവ് ഹരി ആര്‍ എസ് കൃഷ്ണനെ റിമാന്‍ഡ് ചെയ്തിരുന്നു.