നോക്കുകൂലി അതിക്രമം വീണ്ടും; തിരുവനന്തപുരത്ത് വീട്ടുപണിക്കെത്തിച്ച ടൈൽ വീട്ടമ്മയെ കൊണ്ട് ഒറ്റയ്ക്ക് ഇറക്കിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്ത് വീട്ടുപണിക്ക് എത്തിച്ച തറയോട് (ടൈൽ) ചുമട്ട് തൊഴിലാളികളുടെ പിടിവാശി കാരണം വീട്ടമ്മ ലോറിയിൽ നിന്ന് ഒറ്റക്കിറക്കി. ലോഡിറക്കാൻ കൈസഹായത്തിന് എത്തിയ സഹോദരന്മാരെ പോലും തൊഴിലാളികൾ തടഞ്ഞെന്ന് വീട്ടമ്മ ആരോപിച്ചു. ശ്രീകാര്യത്തിനടുത്ത് പൗഡിക്കോണത്താണ് വീട്ടമ്മയോട് ചുമട്ടു തൊഴിലാളികൾ അതിക്രമം കാട്ടിയത്. നാല് വര്‍ഷമായി നീണ്ടുപോകുന്ന വീടു പണി തീര്‍ക്കാൻ പണം കടം വാങ്ങിയാണ് ദിവ്യ ടൈൽ എടുത്തത്. വീട്ടിലെത്തിച്ച ടൈൽ, സഹോദരനും ഭാര്യക്കും ഒപ്പം ലോറിയിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചുമട്ടു തൊഴിലാളികളെത്തി. കൊടുക്കാൻ കാശില്ലെന്ന് കേണ് പറഞ്ഞിട്ടും കേട്ടില്ല. കൈവശമുള്ള 500 രൂപ നൽകാമെന്ന് അപേക്ഷിച്ചിട്ടും വഴങ്ങിയില്ല. തങ്ങൾ ഇറക്കുന്നില്ലെങ്കിൽ ഒറ്റയ്ക്ക് ടൈൽ ഇറക്കണമെന്നായിരുന്നു ചുമട്ടു തൊഴിലാളികളുടെ നിർദേശം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി തൊഴിലാളികൾ വീട്ടുമുറ്റത്ത് തുടര്‍ന്നതോടെ ദിവ്യ ഒറ്റയ്ക്ക് ലോഡിറക്കിയത്. സഹായിക്കാൻ ചെന്ന സഹോദരനെ യൂണിയൻകാര്‍ വിലക്കി. നാല് ടൈൽ വീതമുള്ള 60  പാക്കറ്റാണ് ലോറിയില്‍ നിന്ന് ദിവ്യ ഒറ്റയ്ക്ക് ഇറക്കിയത്. വീട്ടമ്മയെ ആരും സഹായിക്കുന്നില്ലെന്നും ലോഡ് മുഴുവന്‍ ഇറക്കി കഴിഞ്ഞെന്നും ഉറപ്പാക്കിയാണ് ചുമട്ടുതൊഴിലാളികള്‍ സ്ഥലം വിട്ടത്. ഭർത്താവ് മരിച്ച ദിവ്യ സ്വാകാര്യ ആശുപത്രിയിലെ കാന്റീനിയ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്.