ഇടപെട്ട് മുഖ്യമന്ത്രി, നിരാഹാരമിരിക്കുന്ന ദയാബായിയെ മന്ത്രിമാര്‍ കാണും

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി സര്‍ക്കാര്‍.എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ദയാബായി നിരാഹാരത്തിലാണ്. പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. 

ചര്‍ച്ചയ്ക്കായി ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച. 

എന്‍ഡോസ‌ള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോടിനേയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദയാബായിയുടെ സമരം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് രണ്ട് തവണ ദയാബായിയെ പൊലീസ് ബലം പ്രയോഗിച്ച്‌ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവര്‍ സമര വേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

പ്രായം 80 പിന്നിട്ടെങ്കിലും പൊലീസ് ഉണ്ടാക്കുന്ന അവശത അല്ലാതെ തനിക്ക് മറ്റൊരു അവശതയും ഇല്ലെന്ന് ദയാബായി വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം നശിച്ചെന്നും അതുകൊണ്ടാണ് താന്‍ ഇത്രയും നാളായി ഇവിടെ കിടന്നിട്ടും ഒന്നും നടക്കാത്തതെന്നും കാസര്‍കോട് ജില്ലയില്‍ ചികിത്സാ സൗകര്യം ഇല്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ മനപൂര്‍വം നിഷേധിക്കുകയാണെന്നും ദയാബായി വ്യക്തമാക്കി.