ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ എഴുത്തുകാരനും ആക്ടിവിസ്‌റ്റുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി.സിവിക് എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ അപ്പീലില്‍ ആണ് നടപടി.

സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിലെ വിവാദ പരാമര്‍ശം ഹൈക്കോടതി നീക്കം ചെയ്തിരുന്നു. പരാതിക്കാരി പ്രകോപനപരമായ വിധത്തില്‍ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശമാണ് ഹൈക്കോടതി ഒഴിവാക്കിയത്. ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമര്‍ശമാണെന്ന് കോടതി പറഞ്ഞു.

ജില്ലാ കോടതി ഉത്തരവില്‍ നിയമപരമായ പിശകുകളുണ്ടെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചത്.