ആറ്റിങ്ങൽ : തെരുവോരക്കച്ചവടത്തിനു കടിഞ്ഞാണിടാനൊരുങ്ങി ആറ്റിങ്ങൽ നഗരസഭ. നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ കച്ചവടം നടത്തിയവരെ കണ്ടെത്താൻ വ്യാഴാഴ്ച പ്രത്യേക സ്ക്വാഡ് രംഗത്തിറങ്ങി. രാവിലെയും ഉച്ചയ്ക്കും നടന്ന പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ കച്ചവടത്തിനുവെച്ചിരുന്ന മീൻ പിടിച്ചെടുത്തു.
ആറ്റിങ്ങലിൽ റോഡരികിൽ മീനും പച്ചക്കറിയും ഉൾപ്പെടെയുള്ളവയുടെ കച്ചവടം നടക്കുന്നുണ്ട്. ഒരുവർഷം മുമ്പ് തെരുവോരത്തുനിന്ന് മീൻകച്ചവടക്കാരെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമം ഏറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. വിഷയത്തിൽ കോടതിയും ഇടപെട്ടതോടെ നടപടികളിൽനിന്നു നഗരസഭ പിന്നാക്കംപോയി. അതിനെത്തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം തെരുവോരക്കച്ചവടക്കാർ കൈയേറി. ഇതു ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കാനും തുടങ്ങി. ഈ സാഹചര്യത്തിൽ നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയശേഷം തെരുവുകച്ചവടം നിയന്ത്രിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
അവനവഞ്ചേരി, ടോൾമുക്ക്, രാമച്ചംവിള, കൊടുമൺ, ചെറുവള്ളിമുക്ക്, ഗേൾസ് ഹൈസ്കൂൾ ജങ്ഷൻ, ആലംകോട്, കൊല്ലമ്പുഴ റോഡ് എന്നിവിടങ്ങളിലാണ് തെരുവുകച്ചവടം ശക്തമായിട്ടുള്ളത്. നഗരസഭയിൽ തെരുവുകച്ചവടം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളെ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും തുടർന്ന് ഈ സ്ഥലങ്ങളിൽ കച്ചവടം നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇവിടങ്ങളിൽ കച്ചവടം ചെയ്യുന്നവർ ഒഴിഞ്ഞുപോകണമെന്നു കാണിച്ച് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ, നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കച്ചവടക്കാർ ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നതിനെത്തുടർന്നാണ് വ്യാഴാഴ്ച അധികൃതർ പരിശോധനയ്ക്ക് രംഗത്തിറങ്ങിയത്.
ആരോഗ്യവകുപ്പിലെ ജീവനക്കാരാണ് പരിശോധന നടത്തിയത്. പോലീസ് സുരക്ഷയോടുകൂടിയായിരുന്നു പരിശോധനയും നടപടികളും. രാവിലെ പരിശോധനയ്ക്കിറങ്ങിയെങ്കിലും മിക്ക സ്ഥലങ്ങളിലും കച്ചവടക്കാരുണ്ടായിരുന്നില്ല. നിരോധിത മേഖലകളിൽ കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഉച്ചയോടെ വീണ്ടും പരിശോധന നടത്തി. ഈ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ വില്പനയ്കുവെച്ചിരുന്ന മീനുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത മീനുകൾ പിഴയീടാക്കിയശേഷം നഗരസഭയുടെ ചന്തയിൽ വില്ക്കാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജെ.എച്ച്.ഐ.മാരായ മുബാറക് ഇസ്മായിൽ, ഷെൻസി, ഹാസ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി. നഗരസഭയുടെ ചന്ത ഒഴിഞ്ഞുകിടക്കുമ്പോഴാണ് കച്ചവടക്കാർ തെരുവു കൈയേറി കച്ചവടം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ചന്തയ്ക്കുള്ളിൽ കച്ചവടം നടത്താനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തെരുവോരത്ത് കച്ചവടം ചെയ്യാൻ സഹായിക്കുന്ന വീട്ടുകാർക്കും കച്ചവടക്കാർക്കുമെതിരേ കർശന നിയമനടപടികളെടുക്കുമെന്നും അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം.