'ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്, ഡ്രൈവർ ക്ഷീണിതൻ'; വിദ്യാര്‍ഥിയുടെ അമ്മ

പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതെന്ന് വിദ്യാർഥിയുടെ പിതാവ്. ഒരാൾ കൈ കാണിച്ചപ്പോൾ കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്ക്‌ ഇട്ടെന്നു രക്ഷപ്രവർത്തകരും പറഞ്ഞു. പിറകിൽ അമിതവേ​ഗതയിൽ വന്ന ടൂറിസ്റ്റ് ബസ് ബ്രേക് ചവിട്ടിയെങ്കിലും നിർത്താൻ പറ്റിയില്ലെന്നും രക്ഷപ്രവർത്തനത്തിന് എത്തിയ സുധീഷ്, ജിജോ എന്നിവർ വ്യക്തമാക്കി. ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് ശേഷമാണ് വിനോദയാത്ര ഏറ്റത്.. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടത്. സംശയം തോന്നിയതിനാൽ ശ്രദ്ധിച്ച് പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഷാൻ്റി ഡ്രൈവറോട് പറഞ്ഞു. ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവർ ഉണ്ടെന്നും പറഞ്ഞു. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്സാക്ഷി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്സാക്ഷി പറയുന്നു. അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലന്‍സും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത് . മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അധ്യാപകൻ. കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്.