‘സ്‌മാർട്ട് ഗാർബേജ് ആപ്പ് ‘തലസ്ഥാന നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: നഗരത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്‌മാർട്ട് ഗാർബേജ് ആപ്പ് സംവിധാനം നഗരത്തിൽ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പേരൂർക്കട വാർഡിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് മറ്റ് വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.മൂന്ന് മാസത്തിനുള്ളിൽ തന്നെ സംവിധാനം നഗരത്തിലെ എല്ലാ വീടുകളിലും നടപ്പാക്കാനാണ് നഗരസഭയുടെ ലക്ഷ്യം. ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിലിയിരുത്തുന്നതിന് മാത്രമായി സ്‌മാർട്ട് ഗാർബേജ് മോണറ്ററിംഗ് സംവിധാനമാണ് നഗരസഭ പുതുതായി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ശുചിത്വ പരിപാലന സമിതി ശക്തിപ്പെടുത്തും. ഇതിനുവേണ്ടി പരിചയസമ്പന്നരായവരെ ഉൾക്കൊള്ളിക്കാനാണ് തീരുമാനം. ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ,​ അഞ്ച് കോ ഓർഡിനേറ്റർമാർ,​ രണ്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന നിലയിലാണ് സമിതി അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്.