*ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ ഏറ്റവും പിന്നിൽ..*

കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തിയ ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ. 

സംസ്ഥാനത്തെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളിൽ ഉൾപ്പെട്ടിട്ടില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ നഗരസഭയ്ക്കാണ് ഏറ്റവും ഉയർന്ന റാങ്ക് കിട്ടിയത്. 190–ാം സ്ഥാനമാണ് ആലപ്പുഴ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 234 –ാം സ്ഥാനത്തായിരുന്നു. കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കൊല്ലം എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റു നഗരങ്ങൾ. 

298–ാം സ്ഥാനത്ത് കൊച്ചിയും 305 –ാം സ്ഥാനത്ത് തിരുവനന്തപുരവും 313 –ാം സ്ഥാനത്തായി തൃശ്ശൂരും പിറകിലുണ്ട്. 336, 366 സ്ഥാനങ്ങളിലായി കോഴിക്കോടും കൊല്ലവുമുണ്ട്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള ദേശീയ റാങ്കിങ്ങിൽ സംസ്ഥാനത്തെ നഗരങ്ങൾ ഏറെ പിന്നിലാണ്. ദക്ഷിണേന്ത്യയിൽ മികവു പുലർത്തുന്ന നഗരങ്ങളുടെ പട്ടികയിലും കേരളത്തിൽ നിന്നുള്ള ഒരു നഗരങ്ങളും ഉൾപ്പെട്ടിട്ടില്ല. ആലപ്പുഴ(1347), കൊച്ചി (2593), തിരുവനന്തപുരം (2735), തൃശൂർ (2827), പാലക്കാട് (2901), കോഴിക്കോട് (3192), കൊല്ലം (3821) എന്നിങ്ങനെയാണ് ദേശീയ റാങ്കിങ്ങിൽ കേരളത്തിലെ നഗരങ്ങളുടെ സ്ഥാനം. 

ഇൻഡോർ ആണ് ദേശീയതലത്തിൽ വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണയും ഇൻഡോർ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. തുടർച്ചയായി ഇത് ആറാം തവണയാണ് ഇൻഡോർ ഈ നേട്ടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂറത്തും മൂന്നാം സ്ഥാനത്ത് നവി മുംബൈയുമാണുള്ളത്. നാല്, അഞ്ച് സ്ഥാനങ്ങളിൽ വിശാഖ പട്ടണം, വിജയവാഡ എന്നീ നഗരങ്ങളാണ് ഉള്ളത്.