തിരുവനന്തപുരം • വ്യത്യസ്ത പ്രായപരിധിയിലുള്ളവരെ തരംതിരിച്ച് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബോധവൽക്കരണ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം. 18 വയസ്സിനു താഴെയുള്ളവർക്കും 60 പിന്നിട്ടവർക്കുമായാണ് ആദ്യഘട്ട പദ്ധതി. സ്കൂളുകളിൽ ഇതു നിർബന്ധമാണ്. സാംസ്കാരിക വകുപ്പിനാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ചുമതല . വകുപ്പിനു കീഴിൽ ഫെലോഷിപ് നേടിയ ആയിരത്തോളം പേരെ പദ്ധതിയുടെ ട്യൂട്ടർമാരായി നിയമിക്കും.കുട്ടികളെ തെറ്റായ വിശ്വാസങ്ങളിൽ നിന്നും കീഴ്‌വഴക്കങ്ങളിൽ നിന്നും മോചിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കോളജുകളിലും പ്രത്യേകം ക്ലബ്ബുകൾ ആരംഭിക്കും. നവംബറിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും.60 നു മേൽ പ്രായമുള്ളവർ വീടുകളിൽ കനത്ത ഒറ്റപ്പെടലും ഏകാന്തതയും സാമ്പത്തിക , സാമൂഹിക പ്രശ്നങ്ങളും നേരിടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കായുള്ള ബോധവൽക്കരണത്തിന് മത–സാമുദായിക വിഭാഗങ്ങളിലെ സംഘടനകളെയും വനിതാ കൂട്ടായ്മകളെയും ചുമതല ഏൽപിക്കും. കുടുംബശ്രീ യൂണിറ്റുകളും സജീവ ഇടപെടൽ നടത്തും.പദ്ധതിക്കായി റസിഡന്റ്സ് അസോസിയേഷനുകളുടെയും വായനശാലകളുടെയും സഹകരണം ഉറപ്പാക്കും. സംശയങ്ങൾ ദൂരീകരിക്കുന്നതിനും സംസ്ഥാനതല കോൾ സെന്ററും തുറക്കും.