പഞ്ചാബ്: കാല്‍നടയായി ഹജ്ജ് ചെയ്യാനിറങ്ങിയ മലയാളി ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍. നേരത്തെ വിസ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്ന പാക് എംബസി ശിഹാബ് അതിര്‍ത്തിയിലെത്തിയ സമയത്ത് വിസ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ല. ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാത്ര ചൈന വഴി ആക്കിയേക്കുമെന്നും സൂചനയുണ്ട്.ഇതിനായി കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാന്‍ റഹ്‌മാനി വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താന്‍ വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിട്ടത്. ഡല്‍ഹിയിലെ പാക് എംബസി ശിഹാബിനെ ചതിക്കുകയായിരുന്നു. നേരത്തെ വിസ നല്‍കാമെന്ന് ഇവര് ഉറപ്പു നല്‍കിയതാണ്. യാത്ര തുടരാനും അതിര്‍ത്തി എത്തുമ്പോള്‍ വിസ നല്‍കാമെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. നേരത്തെ നല്‍കിയാല്‍ വിസാ കാലാവധി കഴിയാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. മൂവായിരം കിലോ മീറ്റര്‍ നടന്ന് അദ്ദേഹം അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പതിവു പാകിസ്താന്‍ വിസ നിഷേധിച്ചിരിക്കുന്നു- ഇമാം ചൂണ്ടിക്കാട്ടി. ചൈന വഴി പോകാനുള്ള സൗകര്യമൊരുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം ചൂണ്ടിക്കാട്ട് മെയില്‍ ചെയ്തിട്ടുണ്ടെന്നും ഇമാം പറഞ്ഞു. അതേസമയം, ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ശിഹാബ്.