കൊച്ചി • സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ, ശിക്ഷയ്‌ക്കെതിരെ പ്രതി എസ്.കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ ഹൈക്കോടതി കക്ഷി ചേർത്തു. പ്രതിയുടെ അപ്പീലിൽ കക്ഷി ചേർക്കണമെന്ന ത്രിവിക്രമൻ നായരുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.തടവു ശിക്ഷാ വിധിക്കെതിരെ കിരൺ സമർപ്പിച്ച അപ്പീൽ അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. 10 വർഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലത്തെ വിചാരണക്കോടതി പ്രതിക്ക് വിധിച്ചത്. കൊടിയ സ്ത്രീധന പീഡനത്തെ തുടർന്നായിരുന്നു കഴിഞ്ഞ വർഷം ജൂൺ 21നു വിസ്മയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.ഭർത്താവിന്റെ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്കു കാരണമെന്നാരോപിച്ച് വീട്ടുകാർ രംഗത്ത് എത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. 100 പവൻ സ്വർണവും ഒന്നേകാൽ ഏക്കർ ഭൂമിയും 10 ലക്ഷം രൂപ വരുന്ന കാറും സ്ത്രീധനമായി നൽകിയായിരുന്നു വിസ്മയയെ കിരൺ കുമാറിനു വിവാഹം കഴിച്ചു നൽകിയത്.ഇഷ്ടമില്ലാത്ത കാറാണ് വീട്ടുകാർ നൽകിയത് എന്നാക്ഷേപിക്കുന്ന ശബ്ദസന്ദേശം ഉൾപ്പെടെ പുറത്തു വന്നിരുന്നു. തന്നെ ഭർത്താവ് മർദിക്കുന്ന വിവരം ഉൾപ്പെടെ ഒളിച്ചുവച്ചാണ് വിസ്മയ കഴിഞ്ഞിരുന്നത്. ഒടുവിൽ സ്വന്തം വീട്ടിലേക്കു പോയെങ്കിലും അവിടെനിന്നു വിളിച്ചു കൊണ്ടു പോയി പീഡനം തുടർന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.