എം വി ഗോവിന്ദന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍

ന്യൂഡൽഹി:സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. ഏകകണ്ഠമായാണ് ഗോവിന്ദനെ തെരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്.

ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിനിടെ, കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദനെ പിബിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ ധാരണയായിരുന്നു. 

ഇക്കാര്യം കേന്ദ്രക്കമ്മിറ്റിയെ അറിയിക്കുകയുമായിരുന്നു. കേന്ദ്രക്കമ്മിറ്റിയോഗം എം വി ഗോവിന്ദന്റെ പേര് അംഗീകരിക്കുകയും ചെയ്തു. നിലവില്‍ പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവരാണ് കേരളത്തില്‍ നിന്നും പൊളിറ്റ് ബ്യൂറോയിലുള്ളത്.