മടവൂർ : മുൻവൈരാഗ്യത്തിന്റെ പേരിൽ കിളിമാന്നൂർ മടവൂർ കൊച്ചാലുംമൂട്ടിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. തലയ്ക്കടിയേറ്റ പ്രഭാകരക്കുറുപ്പ് (67) മരിച്ചു. ഭാര്യ വിമലാദേവി (64) ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇവരെ ആക്രമിച്ച പഴയ അയൽവാസി കൂടിയായ കിളിമാന്നൂർ പനപ്പാംകുന്ന് സ്വദേശി ശശിധരനും പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ശശിധരന്റെ മകനെ ഗൾഫിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 20 വർഷമായി പ്രഭാകരക്കുറുപ്പുമായി ശത്രുതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഗൾഫിലെ ജോലി ശരിയാകാത്തതിനാൽ ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. സഹോദരൻ മരിച്ച വിഷമത്തിൽ സഹോദരിയും പിന്നീട് ആത്മഹത്യ ചെയ്തു.
രണ്ടു മക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു. ശശിധരന്റെ അയൽവാസിയായിരുന്ന പ്രഭാകരക്കുറുപ്പ് തർക്കങ്ങളെ തുടർന്നാണ് മടവൂരിലേക്കു താമസം മാറിയത്.