പരാതിക്കാരിയുടെ വീട്ടിൽ എൽദോസിന്റെ വസ്ത്രങ്ങൾ’; എംഎൽഎക്കെതിരെ വധശ്രമക്കുറ്റവും”

ബലാൽസംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതൽ തെളിവുകൾ. പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസിന്‍റെ വസ്ത്രങ്ങൾ കണ്ടെടുത്തെന്ന് അന്വേഷണസംഘം. കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയില്‍ എം.എൽ.എക്കെതിരെ വധശ്രമക്കുറ്റം ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

എട്ടാം ദിനവും ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പള്ളിയെ പിടികൂടാനായില്ലങ്കിലും തെളിവുകൾ പരമാവധി ശക്തമാക്കുകയാണ് അന്വേഷണ സംഘം. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽ നിന്ന് എൽദോസിന്റെ ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. 

മദ്യക്കുപ്പിയും ഇവിടന്ന് ലഭിച്ചു. മദ്യക്കുപ്പിയിലെ വിരലടയാളം എൽദോസിൻ്റെതാണോയെന്ന് പരിശോധിക്കും. സെപ്തംബർ 15ന് വീട്ടിൽ വന്ന് പോയപ്പോൾ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇത് ശരി വെക്കുന്ന തെളിവുകളെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

ഇതിനൊപ്പം എം. എൽ. എക്കെതിരെ വധശ്രമം എന്ന മറ്റൊരു ഗുരുതര വകുപ്പ് കൂടി ചുമത്താനും പൊലീസ് തീരുമാനിച്ചു. കോവളത്ത് ആത്മഹത്യാ മുനമ്പിൽ വച്ച് മർദിക്കുന്നതിനിടെ കൊക്കയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലും ക്രൈംബ്രാഞ്ചിന് നൽകിയ വിശദ മൊഴിയിലുമാണ് യുവതി ഇക്കാര്യം ആരോപിക്കുന്നത്.