പാറശാലയിലെ പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ മൊഴി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. മജിസ്‌ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്.രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഛർദിച്ചതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രീഷ്മയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.അതേസമയം, ഗ്രീഷ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ ഗ്രീഷ്മയുടെ അമ്മയെയും അച്ഛനെയും അമ്മാവനയും ബന്ധുവായ യുവതിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.നാലു പേരെയും നാലിടത്താക്കിയാണ് ചോദ്യം ചെയ്യൽ. മകന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഷാരോണിന്റെ കുടുംബം. ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് അമ്മയുടെയും അമ്മാവന്റെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ പറഞ്ഞു.