അടുത്ത ബിസിസിഐ പ്രസിഡൻ്റായി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ റോജർ ബിന്നി തന്നെ സ്ഥാനമേൽക്കും. ഈ മാസം 18 മുതലാണ് ബിന്നി ചുമതലയേൽക്കുക. ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായും രാജീവ് ശുക്ല വൈസ് പ്രസിഡൻ്റായും തുടരും. 2017 മുതൽ 19 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആയിരുന്ന ആഷിഷ് ഷെലർ ബിസിസിഐ ട്രഷറർ ആവും. നിലവിൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ദേവജിത് സൈകിയ ജോയിൻ്റ് സെക്രട്ടറിയാവും.നിലവിലെ ട്രഷററായ അരുൺ ധുമാൽ ഐപിഎൽ ചെയർമാനായി സ്ഥാനമേൽക്കും. 2019 മുതൽ ബ്രിജേഷ് പട്ടേലാണ് ഐപിഎൽ ചെയർമാൻ. നവംബർ 24ന് ബ്രിജേഷ് 71ആം പിറന്നാൾ ആഘോഷിക്കുന്നതിനാലാണ് പുതിയ ചെയർമാൻ. 70 വയസാണ് ബിസിസിഐയുടെ ഏതെങ്കിലും സ്ഥാനത്ത് തുടരാനുള്ള പരമാവധി പ്രായപരിധി.