സ്കൂൾ കത്തി നശിച്ച സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരത്തെ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് തീപിടിച്ചു കത്തി നശിച്ച സംഭവത്തിന്റെ കാരണം അവ്യക്തമായി തുടരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുവെന്നാണ് പൊലീസ് നിലപാട്. ഫൊറന്‍സിക് റിപ്പോര്‍ട്ടും മറ്റു കണ്ടെത്തലുകളും രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. ശനിയാഴ്ച പുലര്‍ച്ചെയാണ് ബസിന് തീപിടിച്ചത്. നിര്‍ത്തിയിട്ടിരുന്ന വാഹനം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കാന്‍ സാധ്യതയുണ്ടോയെന്നും പരിശോധിക്കും. രാസവസ്തുക്കളുടെയോ മറ്റെന്തെങ്കിലും സാന്നിധ്യം ഉണ്ടെങ്കില്‍ ഫൊറന്‍സിക് കണ്ടെത്തലില്‍ അത് വ്യക്തമാകുമെന്നതിനാലാണ് ഈ റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത മ്യൂസിയം പൊലീസ് സ്‌കൂള്‍ അധികൃതരില്‍ നിന്നും സംഭവദിവസം സ്ഥലത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റിക്കാരില്‍ നിന്നും വിശദമായി വിവരങ്ങള്‍ ചോദിച്ചറിയും. കത്തി നശിച്ച ബസിലെ ഇലക്ട്രിക് സര്‍ക്യൂട്ടിന് തകരാര്‍ ഉണ്ടായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. അപകടത്തെ സംബന്ധിച്ച അഗ്‌നിരക്ഷാ സേന റിപ്പോര്‍ട്ടും രണ്ടു ദിവസത്തിനകം അധികൃതര്‍ക്ക് കൈമാറും. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടം വന്‍ദുരന്തത്തിലേക്ക് വഴി മാറാതിരുന്നത് ചെങ്കല്‍ചൂളയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയുടെ ഇടപെടല്‍ മൂലമായിരുന്നു.തീപിടുത്തത്തില്‍ 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതാണ് വിലയിരുത്തല്‍. ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഓണ്‍ലൈനായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.