മുവാറ്റുപുഴ: കുത്തേറ്റ നിലയിൽ യുവതി കാറിനു മുന്‍പില്‍ ചാടി. തന്നെ ആശുപത്രിയിലാക്കണമെന്നും വീടിനുള്ളില്‍ ആളുകളുണ്ടെന്നുമാണ് ഇവര്‍ പറഞ്ഞത്.മറ്റൊരു യുവതിയും ഈ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്ന ആള്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. യുവതിയെ ആശുപത്രിയില്‍ എത്തിച്ച പൊലീസ് ഇവര്‍ പറഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ആത്മഹത്യ ഭീഷണി മുഴക്കി നില്‍ക്കുന്ന യുവാവിനെ.
മൂവാറ്റുപുഴ നഗരത്തിനു സമീപം ബുധനാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂവാറ്റുപുഴ കച്ചേരിത്താഴം കാവുംപടി റോഡിലൂടെ പോയ കാറിനു മുന്നിലേക്കാണ് 10.30ഓടെ കുത്തേറ്റ നിലയില്‍ ഓടി വന്ന യുവതി രക്ഷതേടി കാറിനു വട്ടംചാടിയത്. നഗരത്തിനു സമീപമുള്ള വിജനമായ സ്ഥലത്തെ വീട്ടില്‍വച്ചാണ് യുവതിക്ക് കുത്തേറ്റത്.
യുവതി പറഞ്ഞത് അനുസരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസിനെതിര്‍വശത്തെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് കത്തിയുമായി നില്‍ക്കുന്ന യുവാവിനെ കണ്ടത്. സ്വയം കുത്തുമെന്ന് ഭീഷണിമുഴക്കിയ യുവാവിനെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. ഈ വീട്ടില്‍ ആള്‍താമസമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.