ലഖ്‌നൗ: സഞ്ജു സാംസണ്‍ എന്ന പേര് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഈയൊരു ഒറ്റ ഇന്നിംഗ്‌സ് മതി. 51-4 എന്ന നിലയില്‍ തലപോയ ടീമിനെ ഇരട്ട പാര്‍ട്‌ണര്‍ഷിപ്പുമായി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും വിജയപ്രതീക്ഷ നല്‍കുകയുമായിരുന്നു സഞ്ജു സാംസണ്‍. അവസാന ഓവര്‍ വരെ പ്രോട്ടീസ് ബൗളര്‍മാരുടെ നെഞ്ചില്‍ ഭയം കോരിയിട്ട ഇന്നിംഗ്‌സ്. ഇതോടെ ലഖ്‌നൗവിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിക്ക് സഞ്ജുവിനെ പാടിപ്പുകഴ്‌ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍. മത്സരശേഷം സഞ്ജു സാംസണിന് അഭിനന്ദനവുമായി രംഗത്തെത്തിയവരില്‍ മലയാളി താരത്തിന്‍റെ കടുത്ത ആരാധകരായ ഇയാന്‍ ബിഷപ്പും ഇര്‍ഫാന്‍ പത്താനുമുണ്ടായിരുന്നു. സഞ്ജുവിന്‍റെ ബാറ്റിംഗ് അഴകിനെ മുമ്പും പ്രശംസിച്ചിട്ടുണ്ട് ഇരുവരും. ഇതില്‍ ഇയാന്‍ ബിഷപ്പിന്‍റെ സഞ്ജു സ്നേഹം വിഖ്യാതവുമാണ്. 'ടീം അര്‍ഹിച്ച മത്സരഫലമല്ല ലഭിച്ചത്. എന്നാല്‍ പുറത്താകാതെ 86 റണ്‍സെടുത്ത സഞ്ജുവിന്‍റെ ഇന്നിംഗ്‌സ് സന്തോഷം നല്‍കുന്നു. ഏകദിന കരിയറില്‍ തന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സഞ്ജുവിന് ആത്മവിശ്വാസം നല്‍കും' എന്നുമായിരുന്നു ഇതിഹാസ താരവും കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പിന്‍റെ ട്വീറ്റ്.
'സഞ്ജു സാംസണ്‍ നന്നായി കളിച്ചു. എന്നാല്‍ നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രം മത്സരം തോറ്റു' എന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം. ഏകദിന കരിയറില്‍ തന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ലഖ്‌നൗവില്‍ സഞ്ജു സാംസണ്‍ നേടിയെങ്കിലും ഇന്ത്യക്ക് 9 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് എട്ട് വിക്കറ്റിന് 240 റണ്‍സേ നേടാനായുള്ളൂ. ശിഖര്‍ ധവാനും(4), ശുഭ്‌മാന്‍ ഗില്ലും(3), റുതുരാജ് ഗെയ്‌ക്‌വാദും(19), ഇഷാന്‍ കിഷനും പുറത്തായ ശേഷമായിരുന്നു സഞ്ജുവിന്‍റെ ഐതിഹാസിക ബാറ്റിംഗ്. ആറാമനായി ക്രീസിലെത്തി 63 പന്ത് നേരിട്ട താരം ശ്രേയസ് അയ്യരെയും ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും വാലറ്റത്തേയും കൂട്ടുപിടിച്ച് 9 ഫോറും 3 സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 86 റണ്‍സ് നേടി. അയ്യര്‍ 50ഉം ഠാക്കൂര്‍ 33ഉം റണ്‍സ് നേടി.