ആർഎസ്പി നേതാവ് ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു 83 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ആർഎസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു.തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ പദവിയിൽ തുടർന്നു.

ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു.