*ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖ ദിലീപിൻ്റേത് തന്നെ, ഫോറൻസിക് റിപ്പോർട്ട്*

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാഫലം.ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, വിചാരണ കോടതിയില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി.

ദിലീപിനൊപ്പം ഈ ശബ്ദരേഖയിലുള്ള മറ്റുള്ളവരുടെ സംഭാഷണങ്ങളും തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ താരതമ്യം ചെയ്താണ് പരിശോധിച്ചത്.