ദിനംപ്രതി തെരുവ് നായ്ക്കളുടെ കടിയേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വൻവർദ്ധന

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്കിൽ തെരുവ് നായ്ക്കളുടെ ശല്യം വൻ രൂക്ഷം. ദിനംപ്രതിu തെരുവ് നായ്ക്കളുടെ കടിയേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വൻവർദ്ധനയാണ്. സന്ധ്യ കഴിഞ്ഞാൽ താലൂക്കിലെ മിക്ക ഇടറോഡുകളുടെയും ഭരണം തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്. അബദ്ധത്തിൽ എങ്ങാനും ഏതെങ്കിലും വഴിയാത്രക്കാരൻ അതുവഴി എത്തിയാൽ പെട്ടതുതന്നെ. ഒന്നിന് പിറകെ ഒന്നായി എത്തുന്ന ഈ കൂട്ടം കാൽനടയാത്രക്കാർക്ക് പേടിസ്വപ്നമാണ്. പലരും ഇത്തരം റോഡുകളിലേക്ക് കടക്കുന്നതിന് മുമ്പ് ടോർച്ച്, കമ്പ് തുടങ്ങിയ സന്നഹങ്ങളുമായാണ് പോകുന്നത്. പല ഇട റോഡുകളിലും മതിയായ തെരുവ് ലൈറ്റുകളും ഇല്ല. പലയിടത്തും ഉള്ളതുപോലും പ്രകാശിക്കുന്നില്ല. കെ.എസ്.ഇ.ബിയും ഭരണസിരാകേന്ദ്രവും പരസ്പരം പഴിചാരൽ നടത്തുന്നതല്ലാതെ വഴിവിളക്കുകൾ തെളിയിക്കാനുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങൾ പലയിടത്തും നടക്കാറില്ലെന്നും ആക്ഷേപമുണ്ട്. ഭക്ഷണ അവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും എല്ലാം പൊതു നിരത്തുകളിൽ തള്ളുവാനുള്ള ജനങ്ങളുടെ പ്രവണതയാണ് തെരുവ് നായ്ക്കൾ ഇത്രയും വർദ്ധിക്കാൻ കാരണം. തെരുവുനായ്ക്കളെ കൊല്ലുന്നതിന് വിലക്ക് വന്നതോടെയാണ് നായ്ക്കൾ ഇത്രയും പെരുകാനിടയായത്. തെരുവ് നായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാൻ നടപ്പിലാക്കിയ എ.ബി.സി പദ്ധതി ഉദ്ദേശിച്ച ഫലം പല പഞ്ചായത്തുകളിലും കണ്ടതുമില്ല.
മാലിന്യ നിക്ഷേപവും
പൗൾട്രി ഫാമുകളും അറവുശാലകളുമെല്ലാം മാലിന്യങ്ങൾ ചാക്കുകളിൽ ആക്കി റോഡരികിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും ഒക്കെയാണ് രാത്രികാലങ്ങളിൽ കൊണ്ടിടുന്നത്. നാട്ടിൻപുറങ്ങളിൽ വീട്ടുകാർ പുറന്തള്ളുന്ന മാലിന്യങ്ങൾ ആണ് നാട്ടിൽ കറങ്ങി നടക്കുന്ന തെരുവ് നായ്ക്കളുടെ ആഹാര സ്രോതസ്സിന്റെ ഒരിടം. ഇവയെല്ലാം തിന്ന് ചീർക്കുന്ന നായ്ക്കളാണ് ആഹാരം കിട്ടാതെ വരുമ്പോൾ പ്രത്യേകിച്ചും കുട്ടികൾക്കും നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നത്.
യാത്രക്കാർ ദുരിതത്തിൽ

കൊടും വളവുള്ള റോഡുകളിലും തെരുവോരങ്ങളിലും അപ്രതീക്ഷിതമായി ചാടിയിറങ്ങി ടൂവീലർ യാത്രക്കാർക്ക് പൊല്ലാപ്പ് ഉണ്ടാക്കുന്നത് നിത്യസംഭവമാണ്. പല റോഡുകളിലും ടൂവീലറുകളുടെ പിന്നാലെ ഓടുന്ന നായ്ക്കളെയും കാണാം. പലരും ഇവയെ കാരണം അപകടത്തിൽ പെടുകയാണ്. ചിലർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണെന്നു മാത്രം. പ്രഭാത – സായാഹ്ന നടത്തക്കാർക്കും പത്ര വിതരണക്കാർക്കും അതിരാവിലെ ജോലിക്കും പഠനത്തിനുമായി വീടിനു പുറത്തിറങ്ങുന്ന കാൽനടയാത്രക്കാർക്കും തെരുവ് നായ്ക്കൾ സ്ഥിര ശല്യമാണ്.