*വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയച്ചു; പരാതി നല്‍കിതോടെ അധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു*
October 13, 2022
കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ സി സജീഷിനാണ് (39) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയച്ച കായികാധ്യാപകനായ ഇയാളെ പരിയാരം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ത്ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാൾ അശ്ലീല സന്ദേശമയച്ചത്. വിദ്യാര്‍ത്ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കി. പ്രിന്‍സിപ്പാള്‍ പരാതി പൊലീസിന് കൈമാറിയതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയതറിഞ്ഞതോടെ ഒളിവില്‍ പോയ അധ്യാപകന്‍ ചെറുകുന്നിലെ ഒരു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അധ്യാപകന്‍ ബുധനാഴ്ച്ച രാത്രി മാടായിപ്പാറയില്‍ ഉണ്ടെന്നറിഞ്ഞതോടെയാണ് പരിയാരം പൊലീസ് പഴയങ്ങാടി പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ അറിയപ്പെടുന്ന കെഎസ്ടിഎ ഭാരവാഹിയുമാണ്. നേരത്തെ ഇ പി ജയരാജന്‍ കായിക മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കേസില്‍ നിന്ന് ഇയാളെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടി വന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.