സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം നൽകുക എന്ന ലക്ഷ്യവുമായി ഒരു വർഷത്തിനുള്ളിൽ അർഹരായ നിർധനരെ കണ്ടെത്തി ഇരുപതിനായിരം രൂപയോളം സാമ്പത്തിക സഹായം നൽകി സഹപ്രവർത്തകർക്കും സമൂഹത്തിലും മാതൃകയായി മാറുന്നു കല്ലമ്പലത്തിലെ ഓട്ടോറിക്ഷ തൊഴിലാളി രാജേഷ്. ഇത് നാലാം തവണയാണ് തത്ത്വമസി എന്ന ഓട്ടോ ഡ്രൈവർ മണമ്പൂർ മുള്ളറംകോട് മങ്കാട് വലിയവിള വീട്ടിൽ രാധാമണി അമ്മയുടെ മകൻ രാജേഷ് പാവങ്ങൾക്ക് ചികിത്സ ധനസഹായം നൽകുന്നത്.
ഇത്തവണ രാജേഷിന്റെ ചികിത്സാധനസഹായം ലഭ്യമായത് കരവാരം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ആലംകോട് പള്ളിമുക്ക് ദ്വാരകയിൽ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണികൃഷ്ണൻ ഭാര്യ ബിന്ദു എന്ന ക്യാൻസർ രോഗിക്ക് ആണ്. ഈ വീട്ടമ്മ തിരുവനന്തപുരം ആർസിസിയിൽ കീമോതെറാപ്പിക്ക് വിധേയനായി കൊണ്ടിരിക്കുകയാണ്. ഇത്തവണയും കല്ലമ്പലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് രാജേഷ് സാമ്പത്തികസഹായം കൈമാറിയത്. കല്ലമ്പലം പൊലീസ് എസ് എച്ച് ഒ യുടെ സാന്നിധ്യത്തിൽ രാജേഷിന്റെ മാതാവ് രാധാമണിയമ്മ സാമ്പത്തിക സഹായം ബിന്ദുവിന് കൈമാറി. സ്വന്തമായി ഭൂമിയോ ഒരു വീടോ ഇല്ലാത്ത രാജേഷ് തന്റെ മാതാവിനെയും കൂട്ടി വാടകവീട്ടിലാണ് താമസം. എന്നിരുന്നാലും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ ഒരു കൈ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യവുമായാണ് രാജേഷും മാതാവും ജീവിക്കുന്നത്.