കെ എ ത്രിപാഠിയുടെ പത്രിക തള്ളി; അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ഖാർഗെയും തരൂരും തമ്മിൽ
October 01, 2022
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്. സൂക്ഷമ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ, ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് പത്രിക സമർപ്പിചിരിക്കുന്നത്. ഖാർഗെ പതിനാല് സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിയയായിരുന്നു. ഒപ്പിലെ പൊരുത്തക്കേടിനെ തുടർന്നാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖാർഗെയും തരൂരും മാത്രമേ മത്സര രംഗത്തുള്ളുവെന്നും നാല് പത്രികകൾ തള്ളിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്നതിൽ സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമാണ് ഉള്ളത്. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അതേസമയം പിന്തുണ ഖാർഗെക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാൻഡിന് സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതൽ പിന്തുണ കിട്ടുമെന്നാണ് തരൂരിൻ്റെ പ്രതീക്ഷ. അധ്യക്ഷ പോര് മുറുകുമ്പോൾ കേരള നേതാക്കൾക്ക് തരൂരിനോടുള്ള എതിർപ്പ് കുറയുകയാണ്. എതിരാളി ഖാർഗെയായതും ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് ദേശീയ നേതൃത്വം വിശദീകരിച്ചതുമാണ് കാരണം. യുവനിരയാണ് തരൂരിനെ പിന്തുണച്ച് കൂടുതൽ രംഗത്തുള്ളത്. ജോഡോ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് തരൂരിന് മനസാക്ഷി വോട്ട് ആഹ്വാനം ചെയ്ത് പിന്നെ തിരുത്തിയ സുധാകരൻ ഇപ്പോഴും സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കളെ പോലെ ഖാർഗെയ പിന്തുണക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയുള്ള ഖാർഖെ തന്നെയാണ് നെഹ്റു കുടുംബത്തിൻ്റെ ചോയ്സ് എന്നാണ് ഒരു വിഭാഗം നേതാക്കൾ വിശദീകരിക്കുന്നത്. മല്ലികാർജ്ജുന ഖാർഗെയ്ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, അദ്ദേഹത്തിനായി പ്രചാരണവും നടത്തുമെന്നും വ്യക്തമാക്കി. ദളിത് നേതാവ് പ്രസിഡണ്ടാവുന്നത് സന്തോഷത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.മല്ലികാർജ്ജുൻ ഖാർഗെക്കെതിരായ പ്രചാരണം ദളിത് നേതാവായത് കൊണ്ടെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഗാന്ധി കുടുബത്തിന് പിന്‍സീറ്റ് ഡ്രൈവിങിന്‍റെ ആവശ്യമില്ല. രാജസ്ഥാനിലെ സംഭവങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുത്തതിനാല്‍ മത്സരിക്കാത്തതാണ് നല്ലെന്നതെന്ന് ഗെലോട്ടിനോട് നേതൃത്വം പറഞ്ഞു. ഖാർഗെ തരൂർ മത്സരത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.