'ലോകത്തിന് ചൈനയെ ആവശ്യമുണ്ട്', മൂന്നാം തവണയും നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ഷി ജിൻപിങ്
October 24, 2022
ബീജിങ്ങ്: 'ലോകത്തിന് ചൈനയെ ആവശ്യമുണ്ട്' മൂന്നാം തവണയും ചൈനയുടെ നേതാവായി അധികാരമേറ്റ ഷി ജിന്‍ പിങ് മാധ്യമാങ്ങളോട് പറഞ്ഞു. മാവോയ്ക്ക് ശേഷം ആദ്യമായിട്ടാണ് തുടര്‍ച്ചയായി ഒരാള്‍ ചൈനയുടെ നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്. അധികാരമേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് 'ലോകമില്ലാതെ ചൈനയ്ക്ക് വികസിക്കാനാവില്ല, ലോകത്തിന് ചൈനയും ആവശ്യമാണ്," എന്ന് ഷി പറഞ്ഞത്. "40 വർഷത്തിലേറെയായി നവീകരണത്തിനും തുറന്നുകൊടുക്കലിനും വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ശേഷം, ഞങ്ങൾ രണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചു. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും ദീർഘകാല സാമൂഹിക സ്ഥിരതയും." വീണ്ടും അധികാരം ഏറ്റ ശേഷം ഷി പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവസാന ദിനമായ ഇന്നലെ ഷി ജിൻ പിങ് മൂന്നാം തവണയും ചൈനയുടെ നേതാവായി അധികാരം ഉറപ്പിച്ചു. അനഭിമതരെ പാര്‍ട്ടി ചട്ടക്കൂടിന് പുറത്തിരുത്തുന്നതില്‍ വിജയിച്ച അദ്ദേഹം തന്‍റെ ഇഷ്ടക്കാരെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. മാവോ സെതൂങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന സ്ഥാനം ഇതോടെ ഷി ഉറപ്പിച്ചു. മാവോ സെതൂങ്ങ് നീണ്ട കാലം പാര്‍ട്ടിയുടെ നേതാവായി തുടര്‍ന്നത് പാര്‍ട്ടിയില്‍ അധികാര കേന്ദ്രീകരണം സൃഷ്ടിച്ചെന്ന വാദത്തെ തുടര്‍ന്ന് പതിറ്റാണ്ടുകളായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നത സ്ഥാനക്കാര്‍ക്കിടയില്‍ അധികാരം രണ്ട് വര്‍ഷത്തേക്കായി പരിമിതപ്പെടുത്തിയിരുന്നു. ഈ പരമ്പരാഗത രീതിയെ അട്ടമറിച്ച ഷി ജിന്‍പിങ് തന്‍റെ അധികാരം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും ഒറ്റയാള്‍ ഭരണത്തിലേക്ക് കടന്നതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. "നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് മുഴുവൻ പാർട്ടിക്കും ആത്മാർത്ഥമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," വോട്ടെടുപ്പിന് ശേഷം ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ മാധ്യമ പ്രവർത്തകരോടായി ഷി ജിന്‍ പിങ് പറഞ്ഞു. ഇതോടെ ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനായും ഷി വീണ്ടും നിയമിതനായി. മാർച്ചിൽ നടക്കുന്ന സർക്കാരിന്‍റെ വാർഷിക നിയമസഭാ സമ്മേളനത്തിലാണ് ഇത് സംമ്പന്ധിച്ച ഔപചാരികമായി പ്രഖ്യാപമുണ്ടാകുക. 2,300 പേർ തെരഞ്ഞെടുക്കപ്പെട്ട ഒരാഴ്ച നീണ്ട കോൺഗ്രസിന് ശേഷമായിരുന്നു ഷിയുടെ സ്ഥാനാരോഹണം. ഔദ്ധ്യോഗീക പ്രഖ്യാപന സമയത്ത് പാർട്ടി പ്രതിനിധികൾ ഷിയുടെ നേതൃത്വത്തിലെ "പ്രധാന സ്ഥാനം" അംഗീക്കും. 20-ാം കോൺഗ്രസ് 200-ഓളം മുതിർന്ന പാർട്ടി ഉദ്യോഗസ്ഥരുടെ പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു, തുടർന്ന് ചൈനീസ് രാഷ്ട്രീയ ശക്തിയുടെ പരമോന്നതനായി ഷി ജിന്‍ പിങിനെയും സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെയും ഇന്നലെയോടെ തെരഞ്ഞെടുത്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പോളിറ്റ് ബ്യൂറോയില്‍, 25 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരൊറ്റ സ്ത്രീകളും ഇല്ലെന്ന പ്രത്യേകതയും ഉണ്ട്.