മാലിന്യ സംഭരണ കേന്ദ്രമായി ആറ്റിങ്ങലിലെ നെല്ല്കുത്ത്, നാളികേര സംസ്‌കരണ യൂണിറ്റ്

 കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ ഈ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച നെല്ലിക്കുത്ത് നാളികേര സംസ്‌കരണ യൂണിറ്റ് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രമായി. ഒരു ദിവസം പോലും പ്രവര്‍ത്തിക്കാതെയാണ് പദ്ധതി ഉപേക്ഷിച്ചത്. ഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കാട്ട് വിളയിലാണ് നെല്ല്കുത്ത് നാളികേര സംസ്‌കരണ വനിതാ യൂണിറ്റ് സ്ഥാപിച്ചത്. 1999 നിര്‍മാണം ആരംഭിച്ച 2005 ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് സംരംഭം ആവിഷ്‌കരിച്ചത്. കാര്‍ഷികമേഖലയില്‍ സ്വാധീനമുള്ള പഞ്ചായത്ത് എന്ന നിലയില്‍ ഇവിടെ പദ്ധതിക്ക് പ്രസക്തിയും ഏറെയായിരുന്നു. വലിയതോതില്‍ പാടശേഖരങ്ങളും തെങ്ങിന്‍തോപ്പുകളും ഇന്നും പഞ്ചായത്തില്‍ സജീവമാണ്. വാമനപുരം നദി മുതല്‍ കല്ലമ്പലം വരെ വ്യാപിച്ചുകിടക്കുന്ന പഞ്ചായത്താണിത്. കാര്‍ഷിക മേഖല കേന്ദ്രീകരിച്ച് നില്‍ക്കുന്ന ജനങ്ങള്‍ പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് കണ്ടത. നെല്ല് കുത്തി അരിയാകുക, തേങ്ങ സംഭരിച്ച് വെളിച്ചെണ്ണ ഉല്‍പാദനം എന്നിവയായിരുന്നു ലക്ഷ്യം. ഇവയ്ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചു. പക്ഷേ ഇതുവരെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായില്ല. ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി. ചെലവാക്കിയ ലക്ഷങ്ങള്‍ ഇതോടെ പാഴായി. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. ഇപ്പോള്‍ അധികൃതര്‍ ഒന്നര പതിറ്റാണ്ട് അടച്ചിട്ടിരുന്ന കെട്ടിടം സമീപകാലത്ത് തുറന്നിരുന്നു. പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പകരം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വേണ്ടി ആയിരുന്നു ഇത്. വരാന്തകള്‍ ഷീറ്റ് മേഞ്ഞ മുന്‍ഭാഗം എന്നിവിടങ്ങളില്‍ നിലവില്‍ മാലിന്യം ശേഖരിച്ച് തരംതിരിക്കുന്ന ജോലികളാണ് നടക്കുന്നത്. വലിയതോതില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണം ഇവിടെയുണ്ട്. അധികൃതര്‍ എന്ത് കൊണ്ട് കാണുന്നില്ല.