ദീപാവലി പ്രമാണിച്ച് ഭാരത് ജോഡോ യാത്രക്ക് താത്കാലിക ഇടവേള,ഖർഗെ ചുമതലയേൽക്കുന്ന ചടങ്ങിൽ രാഹുൽഗാന്ധി പങ്കെടുക്കും

ദില്ലി:ദീപാവലി പ്രമാണിച്ച് ഭാരത് ജോഡോ യാത്രക്ക് താൽക്കാലിക ഇടവേള.26 ന് മല്ലികാർജ്ജുൻ ഖർഗെ ചുമതലയേൽക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.27 ന് തെലങ്കാനയിൽ നിന്ന് യാത്ര വീണ്ടും തുടങ്ങുമെന്ന് ജയറാം രമേശ് അറിയിച്ചു.കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നാളെ നടന്നേക്കുമെന്ന് സൂചനയുണ്ട്. നിയുക്ത പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, ഗാന്ധി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചനകോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്താന്‍ നേതൃത്വത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് ശതമാനത്തോളം വോട്ട് നേടിയ തരൂരിന് മാന്യമായ പരിഗണന നല്‍കണമെന്നാണ് പൊതു  വികാരം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ എന്തുകൊണ്ടും യോഗ്യന്‍ എന്ന സന്ദേശം തരൂര്‍ ക്യാമ്പും മുന്‍പോട്ട് വയ്ക്കുന്നു. തരൂരിനെ ഉള്‍ക്കൊള്ളാതെ മുന്‍പോട്ട് പോയാലുണ്ടാകാവുന്ന പൊട്ടിത്തെറികളെ കുറിച്ച് നേതൃത്വത്തിന് ബോധ്യമായി തുടങ്ങിയിട്ടുണ്ട്. മണി ശങ്കര്‍ അയ്യര്‍ ഉള്‍പ്പടെ ചില  മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ ഉള്‍ക്കൊള്ളണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.ദീപാവലിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അധികാരമേല്‍ക്കല്‍ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് ദിവസത്തേക്കാണ് രാഹുല് ഗാന്ധി ദില്ലിയിലെത്തുന്നത്.. പ്രവര്‍ത്തക സമിതി പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് ഖര്‍ഗെയുടെ നീക്കം.കഴിഞ്ഞ ദിവസം തരൂരിനെ വിളിപ്പിച്ച് സോണിയ ചര്‍ച്ച നടത്തിയത് അനുകൂല സന്ദേശമായി വിലയിരുത്തപ്പെടുന്നു. നേതൃനിരയില്‍ അശോക് ഗലോട്ട്, സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങി ഒരു കൂട്ടം നേതാക്കള്‍ക്ക് ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലെടുക്കുന്നതിനോട് താല്‍പര്യമില്ല. പ്രചാരണരംഗത്തടക്കം  വഴിമുടക്കാന്‍ ശ്രമിച്ച നേതാക്കള്‍ തരൂരിന്  കിട്ടിയ പിന്തുണയില്‍ അസ്വസ്ഥരുമാണ്.