തിരുവനന്തപുരം : കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടി സാമൂഹികപ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. ദയാബായി ഉന്നയിച്ച 90% ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് മന്ത്രിമാരായ ആർ.ബിന്ദുവും വീണാ ജോർജ്ജും പറഞ്ഞു.ദയാബായിയെ ആശുപത്രിയിലെത്തി സന്ദർശിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി. കാസർകോട് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എൻഡോസൾഫാന്‍ സമരസമിതി നേതാക്കളുമായി രണ്ടു മന്ത്രിമാരും നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമായിരുന്നു മന്ത്രിമാരുടെ ചർച്ച.എൻഡോസൾഫാൻ ദുരിതബാധിതരുടെ കാലങ്ങളായുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലായിരുന്നു ദയാബായി. ദയാബായിക്ക് പിന്തുണയുമായി രാഷ്ട്രീയ – സാമൂഹിക മേഖലകളിലെ പ്രമുഖരുൾപ്പെടെ എത്തിയിരുന്നു.