നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം

നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം. ആഡംബര വാച്ചുകളുള്‍പ്പെടെയുള്ള വില പിടിപ്പുള്ള നിരവധി വസ്തുക്കള്‍ നഷ്ടപ്പെട്ടതായി നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷമായി നടി താമസിക്കുന്ന ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം. ഒരാഴ്ചയോളം പാര്‍വതി സ്ഥലത്തില്ലായിരുന്നു. തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകള്‍, രണ്ട് ലക്ഷം രൂപയുടെ ലാപ്‌ടോപ്, 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. വീട്ടുജോലിക്കാരനായ പുതുക്കോട്ട സ്വദേശി ബോസിനെ (30) മോഷണത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചിട്ടില്ല.

2012ല്‍ വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സിലൂടെയാണ് മോഡല്‍ കൂടിയായ പാര്‍വതി സിനിമയിലെത്തുന്നത്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസനൊപ്പം ഉത്തമവില്ലന്‍, അജിത്തിനൊപ്പം യെന്നൈ അറിന്താല്‍,മോഹന്‍ലാലിനൊപ്പം നീരാളി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ വേഷമിട്ടു. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് പതിപ്പ് നിമിറില്‍ അനുശ്രീയുടെ വേഷത്തിലെത്തിയത് പാര്‍വതിയായിരുന്നു. രണ്‍വീര്‍ സിങ് നായകനായെത്തിയ 83 എന്ന ബോളിവുഡ് ചിത്രത്തില്‍ സുനില്‍ ഗവാസ്കറുടെ ഭാര്യ മാര്‍ഷ്‌നൈല്‍ ഗവാസ്‌കറായി അഭിനയിച്ചത് പാര്‍വതിയായിരുന്നു.