‘പ്രഹസനമായി ആരംഭിച്ച്‌ ദുരന്തമായി അവസാനിച്ചു; ജയശങ്കറിൻ്റെ കുറിപ്പിനെതിരെ വിമർശനം

അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ചുള്ള എ ജയശങ്കറുടെ സമൂഹമാധ്യമത്തിലെ കുറിപ്പിനെതിരെ വ്യാപക വിമർശനം. പ്രഹസനമായി ആരംഭിച്ച്‌ ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരാള്‍ മരിച്ച്‌ കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവുമെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്രകടനങ്ങള്‍.

ജയശങ്കറിന്റെ വിവാദ പരാമര്‍ശം ഇങ്ങനെ:

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകര്‍ന്നു, ജയില്‍ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച്‌ ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’

അതേസമയം, അറ്റ്‌ലസ് രാമചന്ദ്രന്റെ അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് വൈകുന്നേരം നാലിന് ദുബായി ജബല്‍അലി ശ്മശാനത്തില്‍ നടക്കും.