‘കൂടുതൽ ദുഃഖിക്കുന്നതു നിർത്തൂ.. ഐആം എ സൂപ്പർഹീറോ...’ മരണമുറപ്പിച്ച് ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ മുന്നാസ് എഴുതിയതു കണ്ണീരൊഴുക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന വാക്കുകൾ. ആശുപത്രിക്കിടക്കയിൽനിന്നു ടിഷ്യു പേപ്പറിൽ എഴുതി നൽകിയ ഇരുപത്തഞ്ചോളം കുഞ്ഞു കത്തുകളിലെ പ്രത്യാശകളിൽ ബന്ധുക്കൾ ദുഃഖം മറന്നു. വാലന്റൈൻസ് ദിന കാർഡ് പോലുള്ളൊരു ചരമപ്പരസ്യം ഇന്നലത്തെ ‘മലയാള മനോരമ’യിൽ നൽകി മുന്നാസിന്റെ കുടുംബം പറഞ്ഞു: മരണം ദുഃഖിക്കാൻ മാത്രമുള്ളതല്ല സുഹൃത്തേ...
ഒല്ലൂർ മൊയലൻ വീട്ടിൽ ജോസ് റെയ്നി (മുന്നാസ് – 25) ആണു 3 വർഷം ബ്രെയിൻ ട്യൂമറിനെയും തലയോട്ടി തുറന്നുള്ള 2 ശസ്ത്രക്രിയകളെയും കീമോ– റേഡിയേഷൻ ചികിത്സകളെയും പുഞ്ചിരിയോടെ നേരിട്ടു വിടവാങ്ങിയത്. കോവിഡ് കാലത്താണു ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ആൽപ്സ് പർവതമടക്കം കയറിയിട്ടുള്ള മുന്നാസ്, രോഗമറിഞ്ഞതിനു ശേഷവും യാത്രകൾക്കു പോയി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുശേഷം ഇടതുഭാഗം തളർന്നു. യാത്ര മുടങ്ങിയെങ്കിലും പുഞ്ചിരി മാഞ്ഞില്ല..
ശസ്ത്രക്രിയയ്ക്ക് നഴ്സുമാർ തലമുടി വടിച്ചുനീക്കുമ്പോൾ, ചിരിച്ചുകൊണ്ടു സെൽഫി എടുത്ത് ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചു. ചികിത്സിച്ച ഡോക്ടർക്കും ഫിസിയോതെറപ്പിസ്റ്റിനും അടക്കം ടിഷ്യു പേപ്പറിൽ കത്തുകൾ കൈമാറി. അവസാനത്തെ കുറിപ്പ് ഇങ്ങനെ: ‘ നിങ്ങളോടൊപ്പം ‘ചിൽ’ ആവാൻ ഞാൻ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വർഗത്തിൽ ‘ചില്ലിങ്’ ആണ്. ഡോണ്ട് വറി!’o