കൊയ്ത്തൂര്‍കോണം ആയുര്‍വേദ ആശുപത്രിയില്‍ പുതിയ വിശ്രമമുറി

അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കൊയ്ത്തൂര്‍ക്കോണം ആയുര്‍വേദ ആശുപത്രിയുടെയും പുതുതായി നിര്‍മിച്ച വിശ്രമ മുറിയുടെയും ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു. എട്ട് ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. വിശ്രമ മുറിയില്‍ ഇരിപ്പിട- കുടിവെള്ള സൗകര്യവും ടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആയുര്‍വേദ ചികിത്സ വിപുലമാക്കാനും മരുന്നുകള്‍ ലഭ്യമാക്കാനും വേണ്ട ഇടപെടല്‍ നടത്തുമെന്നും പൊതുജനങ്ങള്‍ ഇവിടെ ലഭ്യമാകുന്ന സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. കൊയ്ത്തൂര്‍ക്കോണം ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ യോഗ പരിശീലനം ആരംഭിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം .ജലീല്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.