ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിവന്ന കല്ലറ പള്ളിമുക്ക് സ്വദേശിയെ വാമനപുരം എക്സൈസ് അറസ്റ്റ് ചെയ്തു.

വാമനപുരം: 
കല്ലറ കുറ്റിമൂട് ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിവന്ന കല്ലറ പള്ളിമുക്ക് അഭിനാൻ മൻസിൽ ഷിബു (42) നെ വാമനപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കല്ലറ കുറ്റിമൂട് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലും കറങ്ങിനടന്ന് മദ്യവിൽപ്പന നടന്നു വരുന്നു എന്നുള്ള നിരവധി പരാതികളാണ് പ്രതിയെ കുറിച്ച് ലഭിച്ചിരുന്നത്. ഒന്നാം തീയതിയും രണ്ടാം തീയതിയും മദ്യഷാപ്പുകൾ അവധിയായതിനാൽ മദ്യം ശേഖരിച്ചുവച്ച് അമിത വിലയ്ക്ക് മദ്യവിൽപ്പന നടത്തിവരവേയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഓട്ടോറിക്ഷ ഇടിപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ രഹസ്യ അറ തീർത്താണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. പ്രതിയിൽ നിന്നും 20 കുപ്പി മദ്യവും മദ്യം വിറ്റ വകയിലുള്ള രൂപയും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർ സതീഷ് കുമാർ എക്സൈസ് ഓഫീസർമാരായ ഷിജിൻ, അനീഷ്, ലിബിൻ എന്നിവരും പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.