ആറ്റിങ്ങൽ : വ്യാഴാഴ്ച ഉച്ചയോടെ മുത്തശ്ശിമാവ് നിലംപതിച്ചു. ഇനി ഈ മാവ് ഈ ഗ്രാമത്തിന്റെ ഓർമത്താളിലെ മധരിക്കുന്ന ഓർമമാത്രമാവും. വാർത്തകൾക്കൊടുവിൽ ചെമ്പകമംഗലത്തെ മുത്തശ്ശിമാവ് മുറിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് മാവ് മുറിച്ചുമാറ്റിയത്. മാവിനു ചുവട്ടിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തിയാണ് നാട്ടുകാർ മാവിനെ യാത്രയാക്കിയത്. ഒരുനൂറ്റാണ്ടിലധികം പ്രായമുള്ള മാവ് നാടിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. മാവ് മുറിച്ചുമാറ്റുന്നതറിഞ്ഞ് നാട്ടുകാർ ഒത്തുകൂടുകയും മാവിന്റെ ഓർമകൾ പങ്കിട്ടുകൊണ്ട് ഒരുദിവസം മുഴുവൻ ചെലവിട്ടിരുന്നു.
കാവ്യാർച്ചനയും സാംസ്കാരിക സമ്മേളനവും നടത്തി. ഒരു മരം ജനഹൃദയവുമായി എന്തുമാത്രം അടുത്തുനില്ക്കുന്നുവെന്നതിന്റെ തെളിവായിരുന്നു ഈ ചടങ്ങ്. മാവിനു സമീപത്തായി രാജഭരണകാലത്ത് സ്ഥാപിച്ച ചുമടുതാങ്ങിയുമുണ്ടായിരുന്നു. ഇത് മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കാനും മുത്തശ്ശിമാവിന് പകരം മാന്തൈകൾ നട്ടുപിടിപ്പിക്കാനും പ്രതിജ്ഞയെടുത്താണ് അന്ന് മാവിനുചുറ്റും കൂടിയ നാട്ടുകാർ പിരിഞ്ഞത്. മുതിർന്നവരും യുവാക്കളും കുട്ടികളും ഒരുപോലെ ഈ പരിപാടികളിൽ പങ്കാളികളായെന്നതും ശ്രദ്ധേയമായിരുന്നു. വ്യാഴാഴ്ചയാണ് മാവ് മുറിച്ചത്. ബുധനാഴ്ച മാവിനു ചുവട്ടിൽ വീണ്ടും നാട്ടുകാർ ഒത്തുകൂടുകയും വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തുകയും ചെയ്തു