മാർക്രത്തിനും ഹെൻറിക്ക്സിനും ഫിഫ്റ്റി ; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 278 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 79 റൺസ് നേടിയ എയ്ഡൻ മാർക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. റീസ ഹെൻറിക്ക്സ് (74), ഡേവിഡ് മില്ലർ (35 നോട്ടൗട്ട്), ഹെൻറിച്ച് ക്ലാസൻ (30) എന്നിവരും ദക്ഷിണാഫ്രിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 3 വിക്കറ്റ് വീഴ്ത്തി.ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ഓവറിൽ തന്നെ ക്വിൻ്റൺ ഡികോക്കിനെ (5) നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. ഡികോക്ക് പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ജന്നമൻ മലനും റീസ ഹെൻറിക്ക്സും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തെങ്കിലും 25 റൺസെടുത്ത മലനെ ഷഹബാസ് അഹ്‌മദ് മടക്കി. മലൻ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഷഹബാസിൻ്റെ ആദ്യ രാജ്യാന്തര വിക്കറ്റായിരുന്നു ഇത്. മൂന്നാം വിക്കറ്റിൽ റീസ ഹെൻറിക്ക്സും എയ്ഡൻ മാർക്രവും ഒത്തുചേർന്നതോടെ സ്കോർ ഉയർന്നു. ഇരുവരും ഫിഫ്റ്റിയടിച്ചു. 129 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ട് ഒടുവിൽ മുഹമ്മദ് സിറാജാണ് തകർത്തത്. 74 റൺസെടുത്ത ഹെൻറിക്ക്സിനെ ഷഹബാസ് അഹ്‌മദ് പിടികൂടി.നാലാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസനും മാർക്രവും ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ദ്രുതഗതിയിൽ സ്കോർ ചെയ്ത ക്ലാസൻ ഇന്ത്യൻ ബൗളർമാരെ പ്രതിരോധത്തിലാക്കി. 46 റൺസാണ് മാർക്രവുമൊത്ത് ക്ലാസൻ കൂട്ടിച്ചേർത്തത്. ഒടുവിൽ 26 പന്തുകളിൽ 30 റൺസെടുത്ത താരത്തെ കുൽദീപ് യാദവിൻ്റെ പന്തിൽ സിറാജ് ഉജ്ജ്വലമായി പിടികൂടി. തൊട്ടടുത്ത ഓവറിൽ മാർക്രവും (79) മടങ്ങി. താരത്തെ വാഷിംഗ്ടൺ സുന്ദർ ശിഖർ ധവാൻ്റെ കൈകളിലെത്തിച്ചു.അവസാന ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി. ഈ സമ്മർദ്ദം വെയിൻ പാർനലിൻ്റെ (16) വിക്കറ്റിലേക്കും നയിച്ചു. പാർനലിനെ ശാർദുൽ താക്കൂറിൻ്റെ പന്തിൽ ശ്രേയാസ് അയ്യർ കൈപ്പിടിയിലൊതുക്കി. ഗംഭീരമായി പന്തെറിഞ്ഞ സിറാജ് അവസാന ഓവറിൽ കേശവ് മഹാരാജിനെ (5) ക്ലീൻ ബൗൾഡാക്കി 3 വിക്കറ്റ് തികച്ചു. ഒരു ഘട്ടത്തിൽ 300 ഉറപ്പിച്ച ദക്ഷിണാഫ്രിക്കയെ സ്ലോഗ് ഓവറുകളിൽ തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാരാണ് തടഞ്ഞുനിർത്തിയത്.