*വരുന്നു മെയിഡ് ഇന്‍ അണ്ടൂര്‍ക്കോണം എല്‍.ഇ.ഡി ബള്‍ബുകള്‍*

എല്‍.ഇ.ഡി നിര്‍മാണത്തില്‍ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരള സര്‍വകലാശാലയുടെ ഒപ്റ്റോ ഇലക്ട്രോണിക്സ് വകുപ്പും അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തും. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു. സംഘടിതരായ സ്ത്രീകളുള്ള സമൂഹത്തില്‍ ഇത്തരം തൊഴില്‍ സംരംഭങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അഭിപ്രായപ്പെട്ട മന്ത്രി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിന്റെ അഭിമാന പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍സ്ത്രീ ശാക്തീകരണത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത 18 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഒപ്റ്റോ ഇലക്ട്രോണിക്സ് വകുപ്പ് എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവര്‍ നിര്‍മിക്കുന്ന ബള്‍ബുകള്‍ മുഴുവനും പഞ്ചായത്ത് ഏറ്റെടുത്ത് വിപണനം ചെയ്യും. കേരള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് ഫിനിഷിങ് സ്‌കൂള്‍, എന്‍ട്രന്‍സ് പരിശീലനം, മത്സ്യകൃഷി തുടങ്ങിയ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. ജലീല്‍, ഉനൈസാ അന്‍സാരി, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി മഹാദേവന്‍ പിള്ള തുടങ്ങിയവരും സംബന്ധിച്ചു.