ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങാന്‍ സാധ്യത; സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം

ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിഭാഗീയത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുവിഭാഗവും മത്സരം ഉറപ്പിക്കുകയാണ്. സമവായം ഉണ്ടായില്ലെങ്കില്‍ ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങുമെന്നും സൂചന പുറത്തുവരുന്നുണ്ട്.ആര്‍എസ്പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സമ്മേളന പ്രതിനിധികളില്‍ പലരും ഉന്നയിക്കുന്നത്. നേതൃത്വത്തിന് വാര്‍ധക്യമാണെന്നും സെക്രട്ടറി സ്ഥാനത്തുനിന്ന് എ എ അസീസ് ഒഴിയണമെന്നുമാണ് യുവാക്കളുടെ ആവശ്യം. മൂന്ന് പ്രാവശ്യം സെക്രട്ടറി സ്ഥാനത്തിരിക്കുകയും 80 വയസ് കഴിയുകയും ചെയ്ത അസീസ് മാറി പകരം സെക്രട്ടറി സ്ഥാനത്തേക്ക് ഷിബു ബേബി ജോണ്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.അടുത്തമാസം നവംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് ആര്‍എസ്പി സംസ്ഥാന സമ്മേളനം ചേരുന്നത്. സംസ്ഥാന സമ്മേളനത്തില്‍ മുന്നണി മാറ്റം ഉള്‍പ്പെടെ ആവശ്യങ്ങള്‍ പ്രതിനിധികള്‍ ഉന്നയിക്കുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. തിരികെ എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന ആഗ്രഹം പാര്‍ട്ടിയിലെ പല പ്രമുഖര്‍ക്കും ഉണ്ട്.കഴിഞ്ഞ രണ്ടു വര്‍ഷമായി നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്തത് യുഡിഎഫ് മുന്നണിയുടെ ഭാഗമായതുകൊണ്ടാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശിക്കുന്നര്‍ ഏറെയാണ്. എന്നാല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കണമെന്ന പക്ഷക്കാരാണ്. ഉരുക്കുകോട്ടയായ ചവറയില്‍ പോലും ജയിക്കാന്‍ കഴിയാത്തത് ആര്‍എസ്പിക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫ് പരാജയമാണെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാവും.