കാനഡയിലേക്ക് വിസ: എട്ട് ലക്ഷം പറഞ്ഞുറപ്പിച്ച് രണ്ട് ലക്ഷം വാങ്ങി, യുവതി പിടിയിൽ

കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) നെയാണ് പറവൂർ പൊലീസ് പിടികൂടിയത്. കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് സാന്ദ്ര പറവൂരിൽ വച്ച് വാങ്ങിയത്. എട്ട് ലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്.

മൂന്നു മാസത്തിനകം വിസ ശരിയാക്കി നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്. സമയം കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്നാണ് യുവാവ് പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഡി.വൈ.എസ്.പി എം.കെ.മുരളിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത്.പി.നായർ എസ്.സി.പി.ഒ മാരായ കെ.എൻ.നയന, കൃഷ്ണ ലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.