ഒടുവില്‍ വയനാട് ചീരാലിറങ്ങിയ കടുവ കുടുങ്ങി; ബത്തേരിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

വയനാട് ചീരാലില്‍ ഒരു മാസമായി ഭീതി പടര്‍ത്തിയിരുന്ന കടുവ പിടിയിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.കടുവയെ സുല്‍ത്താന്‍ബത്തേരിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കടുവയെ ഉള്‍വനത്തില്‍ തുറന്നുവിടും. 

ചീരാലില്‍ ഒരു മാസത്തിനിടെ 13ഓളം വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാര്‍ ഒടുവില്‍ കടുവയെ കണ്ടത്. ഇതോടെ നാട്ടുകാര്‍ പ്രദേശത്ത് രാപ്പകല്‍ സമരം പ്രഖ്യാപിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് ഇന്നലെയാണ് സമരം അവസാനിപ്പിച്ചത്. മൂന്ന് കൂടുകള്‍ ഒരുക്കി 18 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാണ് കടുവയെ കണ്ടെത്താന്‍ ശ്രമം നടത്തിയത്