ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്.ചുനക്കര പാണംപറമ്പിൽ ദിലീപ്ഖാൻ (45) മരിച്ച സംഭവത്തിൽ അയൽവാസി പാണംപറമ്പിൽ സാബിറയാണ് (34) അറസ്റ്റിലായത്. ചുനക്കരയിൽ സംഘർഷത്തിൽ മർദനമേറ്റാണ് ഓട്ടോറിക്ഷ ഡ്രൈവറായ ദിലീപ്ഖാൻ മരിച്ചത്.
യുവതിയുടെ ബന്ധുക്കളായ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഷാജി ഭവനത്തിൽ സുബൈദ (57), സഹോദരൻ പന്തളം കുരമ്പാല കടയ്ക്കാട് മുറിയിൽ തെക്കേ ശങ്കരത്തിൽ വീട്ടിൽ യാക്കൂബ് (52) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീട്ടിലേക്ക് മിനിവാനിൽ ഫർണിച്ചറുമായി വരുമ്പോഴായിരുന്നു സംഘർഷമുണ്ടായത്.
ദിലീപ്ഖാനുമായി വഴിത്തർക്കം നിലനിന്നിരുന്ന അയൽവാസി വഹിദയുടെ സഹോദരങ്ങളാണ് ഇവർ. ഇപ്പോൾ അറസ്റ്റിലായ സാബിറ വഹിദയുടെ മകളാണ്. ദിലീപ്ഖാൻറെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്.
കഴിഞ്ഞ 15ന് വൈകീട്ടായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് നൂറനാട് എസ്.എച്ച്.ഒ ശ്രീജിത്, സബ് ഇൻസ്പെക്ടർ പി. നിതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തുടർ അന്വേഷണമാണ് സബീറയുടെ അറസ്റ്റിന് കാരണം. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു