കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു, കള്ളപ്പേരില്‍ കൊച്ചിയില്‍; ഒപ്പം താമസിച്ച റാം ബഹദൂര്‍ ഭര്‍ത്താവല്ല

കൊച്ചി:എളംകുളത്ത് വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു.നേപ്പാളുകാരി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഒക്ടോബര്‍ 17ന് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. 

ലക്ഷ്മി എന്ന പേരിലാണ് എളംകുളത്ത് താമസിച്ചത്. ഒപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ എന്നയാള്‍ ഇവരുടെ ഭര്‍ത്താവല്ലെന്നും പൊലീസ് പറയുന്നു. റാം ബഹദൂറിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

മഹാരാഷ്ട്രയിലെ മേല്‍വിലാസം ആണ് ഇവര്‍ വാടകയ്ക്ക് വീടെടുത്തപ്പോള്‍ നല്‍കിയത്. എന്നാല്‍ ഇരുവരും നേപ്പാള്‍ സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. റാം ബഹദൂറിന്റെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആണ്. ഇയാള്‍ക്ക് കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. പത്ത് വര്‍ഷത്തിലേറെയായി റാം ബഹാദൂര്‍ കൊച്ചിയിലുണ്ട്. ജോലിക്കെന്ന പേരിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്.