ദുരൂഹസാഹചര്യത്തിൽ വിദേശത്തുവച്ച് മരിച്ച യുവാവിന്റെ മൃതദേഹം റീപോസ്റ്റ് മോർട്ടം നടത്താതെ കത്തിച്ച സംഭവത്തിൽ ഫോറൻസിക് സംഘം എക്സ്ഹ്യുമേഷൻ നടപടികൾ ആരംഭിച്ചു. ഇതിനായി ചിതയിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ശേഖരിച്ചു.
നഗരൂർ നെടുമ്പറമ്പ് ശ്രീജ വിലാസത്തിൽ സുകുമാരൻ - സുശീല ദമ്പതികളുടെ മകൻ ശ്രീജിത്ത് (30) ന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് ശേഖരിച്ചത്. അബുദാബിയിലായിരുന്ന ശ്രീജിത്ത് നാട്ടിൽ എത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനുശേഷം ബന്ധം നഷ്ടപ്പെട്ടു. ആഗസ്ത് ആറുമുതൽ ജോലി സ്ഥലത്തുനിന്ന് ശ്രീജിത്തിനെ കാണാതായതായി വീട്ടുകാർക്ക് കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു.
ഇതിനിടയിൽ ഡെയ്സിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ ശ്രീജിത്തിനെ അന്വേഷിച്ച് വീട്ടിലെത്തി. ഇതിൽ സംശയം തോന്നിയ വീട്ടുകാർ നഗരൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് സെപ്തംബർ ഏഴിന് ശ്രീജിത്ത് മരിച്ചുവെന്ന വിവരം ലഭിച്ചു. മരണത്തിൽ ദുരൂഹത തോന്നിയ വീട്ടുകാർ മൃതദേഹം റീപോസ്റ്റ് മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.
സെപ്തംബർ 20ന് കലക്ടർ റീ പോസ്റ്റ് മോർട്ടത്തിന് അനുമതി നൽകി. ഈ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. സെപ്തംബർ 22ന് നാട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു. നഗരൂർ പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം സംസ്കരിച്ചിരുന്നു. പരാതിയുള്ളതിനാൽ മൃതദേഹ അവശിഷ്ടങ്ങൾ പരിശോധിക്കാൻ കലക്ടർ അനുമതി നൽകി.
തുടർന്ന് ശനിയാഴ്ച രാവിലെ ചിറയിൻകീഴ് തഹസിൽദാർ, ആറ്റിങ്ങൽ ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് പൊലീസ് സർജൻ ഡോ. ധന്യ, ഫോറൻസിക് സർജൻ ഡോ. മീനു എന്നിവർ പരിശോധന നടത്തി.