നെയ്യാറ്റിന്‍കര :വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മയുടെ കഴുത്തില്‍ റബര്‍ മരത്തിന്റെ കമ്പ് ഉപയോഗിച്ചു കുത്തി മാരകമായി മുറിവേല്‍പിച്ച സംഭവത്തില്‍ രണ്ട് അയല്‍വാസികള്‍ അറസ്റ്റിലായി. ഗുരുതരമായി പരുക്കേറ്റ അതിയന്നൂര്‍ മരുതംകോട് സ്വദേശി വിജയകുമാരിയെ (45) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിയന്നൂര്‍ കമുകിന്‍കോട് ഒറ്റപ്ലാവിള വീട്ടില്‍ അനീഷ് (25), അരംഗമുകള്‍ മേലെ വീട്ടില്‍ നിഖില്‍ (21) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് കേസ് വസ്തു അതിര്‍ത്തി സംബന്ധിച്ച് വിജയകുമാരിയും അയല്‍വാസിയുമായി തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി, അയല്‍വാസി കഴിഞ്ഞ ദിവസം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ എത്തിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് വിജയകുമാരിക്ക് കുത്തേറ്റത്.