ഗുസ്തി ഗോദയിൽ നിന്ന് രാഷ്ട്രീയ ഗോദയിലേക്ക്; രാജ്യത്തെ മതേതര ചേരിയുടെ മുഖം: മുലായത്തെ ഓർമിക്കുമ്പോൾ

ഗുസ്തി ഗോദയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉയരങ്ങളിലേക്ക് ഉറച്ച ചുവടുകളുമായി കയറിയ നേതാവാണ് മുലായം സിങ് യാദവ്. രാഷ്ട്രീയത്തിലും കുശാഗ്രമായ അടവുകളും, അസാധ്യ മെയ് വഴക്കവും  കാണിച്ച മുലായം മൂന്ന് തവണ ഉത്തർപ്രദേശിന്റ മുഖ്യമന്ത്രി പദത്തിലും, ഇന്ത്യൻ പ്രതിരോധമന്ത്രി കസേരയിലും എത്തി. രാജ്യത്തിന്റെ സോഷ്യലിസ്റ്റ് ചരിത്രത്തിൽ സുദീർഘമായ ഒരു അധ്യായം എഴുതി ചേർത്താണ് മുലായം നിത്യതയിലേക്ക്... ചാർഖ ദാവ്. അതായിരുന്നു ഗോദയിൽ മുലായം സിംഗ് യാദവിന്റെ ഇഷ്ടപ്പെട്ട മുറ. അതീവ സൂക്ഷ്മത, അസാധ്യ മെയ്വഴക്കം, ഒപ്പം എതിരാളിയുടെ കരുത്ത് തനിക്ക് അനുകൂലമാക്കാനുള്ള ചാതുര്യം എന്നിവയുണ്ടെങ്കിൽ ഏതു കരുത്തനായ എതിരാളിയെയും 360 ഡിഗ്രി കറക്കി നിലത്തടിക്കാം. രാഷ്ട്രീയ ഗോദയിലേക്ക് മുലായം സിംങ് സിങ് യാദവിന് വഴിതെളിച്ചതും ഈ ഗുണങ്ങൾ തന്നെയാണ്.ഇന്ത്യൻ രാഷ്ട്രീയത്തിലെ സംയുക്ത സോഷ്യലിസ്റ്റ് നേതാവ് നാഥു സിംഗിന്റെ കണ്ടെത്തലാണ് മുലായം സിങ് യാദവ്. 1967 ൽ സ്വന്തം മണ്ഡലമായ ജസ്വന്ത്‌ നഗർ, നാഥു സിങ് പ്രിയ ശിഷ്യൻ മുലായമിന് നൽകി. ഒരു ജൈത്ര യാത്രയുടെ തുടക്കമായിരുന്നു അത്. 8 തവണ നിയമസഭാംഗം, ലോക്സഭാംഗം, 3 തവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രി, ഇന്ത്യൻ പ്രതിരോധ മന്ത്രി. അസാധ്യ മെയ് വഴക്കവും, കളമറിഞ്ഞുള്ള ചുവടുകളും ഇന്ത്യൻ പ്രധാനമന്ത്രി കസേരയുടെ തൊട്ടരികിൽ വരെ മുലായമിനെ എത്തിച്ചു.

രാം മനോഹർ ലോഹ്യയുടെയും രാജ് നാരായിന്റയും സോഷ്യലിസ്റ്റ് കൊടുങ്കാറ്റിന്റെ പതാകവാഹകനായ മുലായം 1989ൽ മുഖ്യമന്ത്രിയാകാൻ ലഭിച്ച ആദ്യ അവസരം തന്നെ ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ തന്റെ വേരുറപ്പിക്കാൻ പ്രയോജനപ്പെടുത്തി. 91ൽ എൽകെ അദ്വാനി നയിച്ച രഥയാത്രയുടെ ഭാഗമായി ബാബരി മസ്ജിദിലേക്ക് മാർച്ച് ചെയ്ത കർസേവകർക്ക് നേരെ വെടിയുതിർക്കാനുള്ള ഉത്തരവിടാൻ മുലായം രണ്ടാമതൊന്ന് ആലോചിച്ചില്ല.

മണ്ഡൽ കമ്മീഷൻ ശുപാർശ നടപ്പാക്കിയതോടെ പിന്നോക്ക വിഭാഗവും, യാഥവരും, ന്യൂനപക്ഷവും മുലായത്തിൽ രക്ഷകനെ കണ്ടു. ന്യൂനപക്ഷം മുലായത്തെ മുല്ല എന്ന് വിളിച്ചു. രാഷ്ട്രീയ കാലാവസ്ഥയറിഞ്ഞു ചുമടുകൾ വച്ച മുലായം പിന്നെയും 2 തവണ ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നു.
ഐക്യമുന്നണി സർക്കാരിൽ ജ്യോതി ബസു പ്രധാന മന്ത്രിയാകാൻ വിസമ്മതിച്ചതോടെ, മുലായത്തിന്റ പേര് ഉയർന്നു വന്നു. എന്നാൽ ബന്ധുവും മുൻസഹപ്രവർത്തകനുമായ ലാലു പ്രസാദ് യാദവ് തടസ്സം നിന്നതോടെ മുലായം രണ്ടാം സ്ഥാനത്തേക്ക് മാറി പ്രതിരോധമന്ത്രിയായി. ഒന്നാം യുപിഎ സർക്കാരിന്നുള്ള പിന്തുണ ഇടതു പാർട്ടികൾ പിൻവലിച്ചപ്പോൾ മുലയം രക്ഷകനായി. 2012ൽ സമാജ്‌വാദി പാർട്ടി ഒറ്റക്ക് അധികാരം നേടിയപ്പോൾ മകൻ അഖിലേഷിനു മുഖ്യമന്ത്രി കസേര നൽകി നേതാജി മാറിനിന്നു. രാഷ്ട്രീയ ചുവടുകൾ ഒന്ന് പോലും പിഴക്കാതെ മുന്നേറിയ മുലായത്തിനു പക്ഷേ, കുടുംബപോരിൽ കാലിടറി.

കിരീടവും ചെങ്കോലും ഇല്ലാതായെങ്കിലും, മുലായം സിങ് യാദവ് ചെന്തൊപ്പിക്കാർക്ക് അനിഷേധ്യനായ നേതാവായി തുടർന്നു. 1939 നവംബർ 22ന് ഇറ്റവയിലെ സെയ്‌ഫായി ഗ്രാമത്തിൽ ജനിച്ച മുലായം സിങ് യഥാവ് 82ആം വയസ്സിൽ ഗോദയിൽ നിന്ന് മടങ്ങുമ്പോൾ ഇന്ത്യൻ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ ഒരു അതികായൻ കൂടിയാണ് ഓർമ്മയാകുന്നത്.