പരവൂർ : പൊള്ളലേറ്റ കയ്യിലെ വിരലിൽ കുടുങ്ങിയ മോതിരം പരവൂർ അഗ്നിരക്ഷാസേന നീക്കം ചെയ്തു. വർക്കല ശിവഗിരി സ്വദേശി ചരുവിള പുത്തൻവീട്ടിൽ അനുവിന്റെ (23) വിരലിൽ കുടുങ്ങിയ മോതിരമാണ് നീക്കം ചെയ്തത്. ഇന്നലെ വൈകിട്ട് 5.15 ന് ആണ് സംഭവം. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അനുവിന്റെ കൈക്ക് പൊള്ളലേറ്റത്. ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് സ്റ്റീൽ മോതിരം ഊരിയെടുക്കാൻ സാധിക്കാത്ത വിധം വിരലിൽ കുടുങ്ങിയത്.
വേദന കലശലായതോടെ ആശുപത്രി അധികൃതർ പരവൂർ അഗ്നിരക്ഷാസേനയെ സമീപിക്കാൻ നിർദ്ദേശിച്ചു. അനു അഗ്നിരക്ഷാ നിലയത്തിൽ എത്തിയെങ്കിലും പൊള്ളലേറ്റ വിരലിൽ നിന്ന് മോതിരം ഊരുന്നത് കൂടുതൽ മുറിവ് ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കി അഗ്നിരക്ഷാസേനാംഗങ്ങൾ ഇദ്ദേഹത്തെ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടറുടെ സഹായത്തോടെ മോതിരം വിരലിൽ നിന്നു നീക്കി. സ്റ്റേഷൻ ഓഫിസർ ഗിരീഷിന്റെ നേതൃത്വത്തിൽ, എ.ജെ.അംജിത്ത്, എസ്.സുജിത്ത്, എസ്.ഷിനു, കെ.ഷിബുകുമാർ എന്നിവരാണ് അനുവിനെ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് മോതിരം നീക്കം ചെയ്തത്.