കാൽപാദങ്ങളിൽ ഒട്ടിച്ചു കടത്തിയത് ഒന്നേമുക്കാൽ കിലോ സ്വർണം: മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ കാൽപാദങ്ങളിൽ ഒട്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദ് ആണ് അറസ്റ്റിലായത്. ഒന്നേമുക്കാൽ കിലോയോളം സ്വർണമാണ് ദിൽഷാദ് തന്റെ കാൽപാദങ്ങളിൽ കെട്ടിവെച്ചത്. ഷാർജയിൽ നിന്നും നെടുമ്പാശേരിയിൽ എത്തിയ ഇയാളുടെ കാൽപാദങ്ങൾക്ക് താഴെ ഒട്ടിച്ച നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. ദ്രാവക രൂപത്തിലാക്കിയ സ്വർണം കാൽപാദത്തിൽ കെട്ടിവെച്ച്, ശേഷം സോക്‌സും ഷൂസും ധരിച്ചു. എന്നാൽ, ദിൽഷാദിന്റെ നടത്തത്തിൽ പന്തികേട് തോന്നിയ കസ്റ്റംസ് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടിയോളം വിലവരുന്ന സ്വര്‍ണം കണ്ടെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ട് അബുദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്തിനകത്തെ ടോയ്ലറ്റിലെ ചവറ്റുകുട്ടയിലാണ് 2831 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് പ്ലാസ്റ്റിക് കവറുകളിലായിരുന്നു.
ശുചീകരണത്തൊഴിലാളികളാണ് കസ്റ്റംസിനെ വിവരമറിയിച്ചത്. മുന്‍പും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടുന്നതിന് മുന്‍പ് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. ആരെങ്കിലും വന്ന് എടുക്കുന്നതിന് വേണ്ടി സ്വർണം ഇവിടെ വെച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.