സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നിരവധി പേർക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷ കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ മംഗലപുരം പോലീസ് പിടികൂടി. മുദാക്കൽ പൊയ്കമുക്ക് സുധീഷ് വിലാസത്തിൽ താമസിക്കുന്ന രതീഷ്(40 )നെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശി അൽ അമീന്റെ പരാതിയിൻമേൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കേസ്സിൽ 10 ലക്ഷം രൂപയോളം തട്ടിച്ചിട്ടുണ്ട്.
രതീഷിന്റെ തട്ടിപ്പിന് ഇരയായവർ ആഗസ്റ്റ് മാസം 18ന് വേളാവൂരുള്ള രതീഷിന്റെ സഹായി എന്ന് ആരോപിക്കുന്ന സ്ത്രീയുടെ വീട്ടിൽ തടിച്ചുകൂടി പണം ആവശ്യപ്പെട്ടിരുന്നു.
പോത്തൻകോട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, ഉൾപ്പെടെ
വിവിധ സ്ഥലങ്ങളിൽ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിച്ച് സ്ഥലവാസികളുമായി ബന്ധം സ്ഥാപിച്ച ശേഷം അബുദാബിയിലെയും മറ്റും എയർ പോർട്ടുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ മെസ്സേജിട്ട ശേഷം വിസയ്ക്ക് വേണ്ടി സമീപിക്കുന്നവരെ വ്യാജ വിസയും, വ്യാജ ഓഫർ ലെറ്ററും കാണിച്ച് മുദ്രപത്രത്തിൽ എഗ്രിമെൻറ് എഴുതിയും, ബാങ്ക് വഴിയും പണം തട്ടിയ ശേഷം താമസം മാറി പോകുകയാണ് പ്രതിയുടെ രീതി. പ്രധാനമായും തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്നാണ് കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുള്ളത്. പ്രതിയുടെ പേരിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കള്ള നോട്ട് കേസ്സും നിലവിലുണ്ട്. പ്രതി പന്തളം എന്ന സ്ഥലത്ത് ഒരു ഡോക്ടറുടെ വീട് വാടകയ്ക്കെടുത്ത് ഒളിവിൽ താമസിച്ച് വരുന്നതായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ.ഡിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ബിനു.ജിയുടെ നിർദ്ദേശാനുസരണം മംഗലപുരം എസ്എച്ച്ഒ സജീഷ് എച്ച്എൽ , എഎസ്ഐമാരായ ജയൻ, ഫ്രാങ്ക്ളിൻ, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.