അച്യുതാനന്ദന് നാല് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. നാട്ടിൽ തന്നെ ആദ്യം വസൂരി ബാധിച്ചത് മാതാവ് അക്കമ്മയ്ക്കാണ്. വസൂരി അക്കമ്മയെ കൊണ്ടുപോയി. കുട്ടികൾ നാലുപേരും പിന്നെ അപ്പച്ചിയുടെ മേൽനോട്ടത്തിലായി. വസൂരിയെ അതിജീവിച്ച കുട്ടികൾക്കു സങ്കടങ്ങളും ആധികളും പിന്നെയും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളുഅച്യുതാനന്ദന് 11 വയസായപ്പോൾ അച്ഛൻ ശങ്കരൻ മരിച്ചു. പിന്നെ, കുട്ടികൾ സ്‌കൂളിൽ പോയില്ല. തയ്യൽക്കട നടത്തിയിരുന്ന ജ്യേഷ്ഠൻ ഗംഗാധരന്റെ ഒപ്പം കൂടി അച്യുതാനന്ദൻ. പിന്നീട് കയര്‍ ഫാക്‌ടറിയിലും ജോലി നോക്കി. അക്ഷരാർത്ഥത്തിൽ പോരാട്ടങ്ങളുടെ തുടക്കമായിരുന്നു അത്.1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ ആലപ്പുഴ ആസ്‌പിന്‍വാള്‍ കയര്‍ഫാക്‌ടറിയില്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി.സഖാവ് പി.കൃഷ്‌ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും സജീവമായി പങ്കെടുത്തു. സര്‍ സി.പി.രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യചുമതലക്കാരനായി. പുന്നപ്ര വയലാർ സമരത്തിനു പിന്നാലെ പൂഞ്ഞാറിൽ നിന്ന് വി.എസ് അറസ്റ്റിലായി. പൂഞ്ഞാർ പൊലീസ് സ്റ്റേഷനിലും പാലാ ഔട്ട് പോസ്റ്റിലും വച്ചുണ്ടായ കൊടിയ മർദനങ്ങൾക്കൊടുവിൽ മരിച്ചെന്നു കരുതി പൊലീസ് ഉപേക്ഷിച്ചു പോയതാണ് വിഎസിനെ. എന്നാൽ ആ കണക്കു കൂട്ടലുകൾ തെറ്റിച്ച് പോരാട്ട വീര്യത്തോടെ അദ്ദേഹം ഉയർത്തെഴുന്നേറ്റു. 1957-ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒമ്പതു പേരില്‍ ഒരാളാണ് വി.എസ്.
1980-92 കാലഘട്ടത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മേയ് 18-ന് കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റുപരിസ്ഥിതി പ്രശ്‌നങ്ങളിലും ജനകീയ വിഷയങ്ങളിലും എന്തിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയും വി.എസ്. നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. നിലപാടുകളുടെ പേരില്‍ വെട്ടിനിരത്തല്‍ വീരനെന്നും വികസന വിരോധിയെന്നുമൊക്കെയുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നപ്പോഴും അദ്ദേഹത്തിന് ചാഞ്ചല്യമുണ്ടായില്ല. സിപിഐ കേന്ദ്രസമിതിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഐഎം രൂപീകരിച്ച 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്.അച്യുതാനന്ദന്‍. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും വി.എസ് എന്ന രണ്ടക്ഷരം ഇന്നും കേരള രാഷ്ട്രീയത്തിൽ ആവേശം ജനിപ്പിക്കുന്ന വിസ്മയമാണ്.